Tuesday, December 16, 2014

അഗ്രഹാരത്തിൽ കഴുതൈ- സമകാലികാവസ്ഥയിൽ കാണുമ്പോൾ

1978ൽ പുറത്തിറങ്ങിയ ജോൺ ഏബ്രഹാമിന്റെ ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമ നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അത് മുന്നോട്ട് വെച്ച രാഷ്ട്രീയസമീപനം ഇന്നും പ്രസക്തമാണ്. പ്രതിഭാധനനായ ഒരു കലാകാര ന്റെ സൃഷ്ടി സമകാലത്തേക്കോ തത്ക്കാലത്തേ ക്കോ അല്ല, സർവ്വകാലത്തേയും അത് അതിജീവി ക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ജോണിന്റെ സിനിമ.1973ൽ നിർമ്മാണപ്രവർത്ത നം തുടങ്ങിയ സിനിമ ജോണിന്റെ ജീവിതം പോ ലെ തന്നെ നീണ്ട അലച്ചിലുകൾക്കൊടുവിലാണ് 1978ൽ പൂർത്തീ കരിക്കുന്നത്. ഒരു ഇന്ത്യൻ പൗര നെന്ന നിലയിൽ രാഷ്ട്രീയ തീക്ഷ്ണമായിരുന്ന ആ കാലഘട്ടത്തിന്റെ മുറിപ്പാടുകൾ ‘കഴുത’യിലും പ്രതിഫലിക്കുന്നുണ്ട്.
                      വിശ്വാസത്തിന്റെ(മതവിശ്വാസമായാലും ദൈവവിശ്വാസമായാലും) അധഃപതനം ഒരു സമൂഹത്തെ എത്രത്തോളം ജീർണ്ണമാക്കുന്നു എന്ന് വിശദീകരിക്കാനാണ് ജോൺ ഈ സിനിമയിലൂടെ ശ്രമിച്ചത്. ജോൺ തന്നെ തന്റെ സിനിമയെ വിലയിരുത്തുന്നതിങ്ങനെയാണ്.-“ ‘അഗ്രഹാരത്തിൽ കഴുതൈ’എന്ന ചിത്രത്തിലൂടെ ബ്രാഹ്മണസമുദായത്തിനെതിരെ ഒരു നക്സലൈറ്റ് ആക്രമണം നടത്തുകയെന്നത് എന്റെ പരിധിയിൽ പെടുന്ന കാര്യമല്ല. മതവിശ്വാസങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു അവസാനതീർപ്പു കല്പിക്കാനോ മൂല്യനിർണ്ണയം നടത്താനോ ഞാൻ ഒരുക്കമല്ല. എങ്കിലും വിശ്വാസത്തിന്റെ അധഃപതനം എന്നിൽ അസഹനീയത ഉളവാക്കുന്നു. ഒരു സംഗതി ചീത്ത‌യാണെന്ന ബോധം മനസ്സിലുണ്ടായാൽ അതുറക്കെ പ്രഖ്യാപിക്കാൻ എനിക്കു മടിയില്ല. പക്ഷെ, എന്റെ ദുർബ്ബലസ്വരം എത്ര ദൂരമെത്താൻ? നിങ്ങളെല്ലാം എതിർപ്പിന്റെ സ്വരം കോറസായി പറഞ്ഞാൽ ഒരു പക്ഷെ എന്തെങ്കിലും നടക്കുമായിരിക്കും. ഞാനും നിങ്ങളോടൊപ്പം ചേരാം.” .(പുസ്തകം; ജോൺ ഏബ്രഹാം, എഡിറ്റർ:കെ.എൻ.ഷാജി,പ്രസാധനം:ചിന്ത  പേജ്:116)

      ജോൺ തന്റെ ആശയം മുന്നോട്ട് വെച്ച് മൂന്നര പതിറ്റാണ്ടുക‌ൾ പിന്നിടുമ്പോഴും വിശ്വാസത്തിന്റെ ജീർണ്ണാവശിഷ്ടങ്ങൾ നമ്മുടെ ജൈവപരിസരത്തിന്റെ മുക്കിലും മൂലയിലും ചീഞ്ഞുനാറുന്ന അവസ്ഥ വർദ്ധിച്ചുവരികയാണ്.’വിശ്വാസം… അത‌ല്ലെ എല്ലാം എന്ന വിപണിമന്ത്രത്തിന്റെ മാന്ത്രികവലയത്തിൽ കുടുങ്ങി അക്ഷയത്രിതീയയുടെയും ആടിമാസ പർച്ചേസിന്റെയും പിന്നാലെ പോകുന്ന ജനസമൂഹത്തെ രാഷ്ടീയവത്ക്കരിക്കുന്നതിന് ‘അഗ്രഹാരത്തിൽ കഴുതൈ’ പോലുള്ള ചരിത്രനിർമ്മിതികളിൽ നിന്നും ഇന്ധനം കൈക്കൊള്ളേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കായി സമൂഹത്തെ ദൃശ്യസാക്ഷരരാക്കി തീർക്കുന്നതിനുള്ള കൂട്ടായ‌ശ്രമം ഏറ്റെടുക്കേണ്ടത് സാമൂഹികപുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ കൂട്ടുത്തരവാദിത്തമാണ്.
        പ്രതീകാത്മകമായി അടിച്ചമർത്തപ്പെടുന്ന ജനതയിൽ തുടങ്ങി യേശുക്രിസ്തുവിൽ വരെ സാധ്യതകൾ കണ്ടെത്താവുന്ന തരത്തിലാണ് ചിത്രത്തിൽ കഴുതയെ ആവിഷ്ക്കരിച്ചിരിക്കുന്നത്.(സിനിമയിലെ കഴുതയെ കഴുതയായി മാത്രം കണ്ടാൽ മതി എന്നാണ് ജോണിന്റെ പക്ഷം!) അമ്മദൈവങ്ങളെ ആരാധിച്ചിരുന്ന തമിഴ്ദ്രാവിഡസംസ്കൃതിയെ അട്ടിമറിച്ച വൈദേശികാധിനിവേശശക്തികളെ പരാജയപ്പെടുത്താൻ സ്ത്രീയെ/അമ്മയെ ബഹുമാനിക്കുന്ന/അംഗീകരിക്കുന്ന ഒരു സാമൂഹികവ്യവസ്ഥിതി രൂപപ്പെടേണ്ടതിന്റെ ആവശ്യകതയാണ് കഴുതയിലൂടെ ജോൺ മുന്നോട്ടുവെക്കുന്നത്.
        ആദിദ്രാവിഡസമൂഹത്തിൽ സ്ത്രീ അംഗീകാരമുള്ളവളായിരുന്നു. എന്നാൽ വൈദേശികാധിനിവേശത്തെ തുടർന്നുണ്ടായ പുരുഷമേധാവിത്തബോധം പല തരത്തിലും ഇന്ത്യൻ സ്ത്രീ ജീവിതത്തെ ദുസ്സഹമാക്കി തീർത്തു.
ജോൺ തന്നെ ഒരു അഭിമുഖത്തിൽ തന്റെ സിനിമകളിൽ പൊതുവായികാണുന്ന മാതൃസങ്കല്പത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്-“ഞാൻ പേരിലൊരു കൃസ്ത്യാനിയാണെങ്കിലും കുട്ടനാട്ടുകാരനായ ഞാൻ ഹിന്ദുപാരമ്പര്യത്തിന്റെ തുടർച്ചക്കാരനാണ്. എന്റെ പൂർവ്വികർ ഹിന്ദുക്കളാണ്. ക്രൈസ്തവമതം എന്നിൽ അടിച്ചേൽപ്പിച്ചതാണ്. അങ്ങനെ അടിച്ചേൽപ്പിക്കപ്പെട്ട സങ്കൽപ്പത്തേക്കാൾ എന്നിൽ വേരുറച്ചിരിക്കുന്നത് പാരമ്പര്യമായി എന്റെ രക്തത്തിലും എന്റെ സംസ്ക്കാരത്തിലും അലിഞ്ഞുകിടക്കുന്ന ഹൈന്ദവാചാരങ്ങളും ഹൈന്ദവസങ്കൽപ്പങ്ങളുമാണ്.(പുസ്തകം; ജോൺ ഏബ്രഹാം, എഡിറ്റർ:കെ.എൻ.ഷാജി,പ്രസാധനം:ചിന്ത  പേജ്:174)
         ജോണിന്റെ ജീവിതദർശനത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വരികൾ. പക്ഷെ, ‘ന സ്ത്രീ സ്വാതന്ത്രമർഹതി’ എന്ന മനുവാക്യമല്ല, അക്ക മഹാദേവിയുടെയും ആണ്ടാളുടെയും കണ്ണകിയുടെയും പാരമ്പര്യമുള്ള ദ്രാവിഡസങ്ക‌ൽപ്പമാണ് ജോൺ സൂചിപ്പിക്കുന്ന ഹൈന്ദവസങ്കൽപ്പമെന്നത് അദ്ദേഹത്തിന്റെ സിനിമകളെ ഗൗരവപൂർവ്വം സമീപിക്കുന്ന ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയും. ചിത്രത്തിൽ അന്തർലീനമായിക്കിടക്കുന്ന പ്രധാന സംഗതി മാതൃസ‌ങ്കല്പത്തിന് നേരിടേണ്ടി വരുന്ന വൈഷമ്യങ്ങളെക്കുറിച്ചുള്ളതാണ്.
          മുഖ്യധാരാസിനിമയിലെ കഥപറച്ചിൽ രീതിയാണ് ജോൺ ഈ സിനിമയിൽ അവലംബിച്ചിരിക്കുന്നതെങ്കിലും ആദ്യാന്തം ഉപയോഗിച്ചിരിക്കുന്ന ദൃശ്യരൂപകങ്ങളിലൂടെ ‘മൂന്നാം കണ്ണിന്റെ കല’ എന്ന സിനിമയെക്കുറിച്ചുള്ള തന്റെ ദർശനത്തിന് മിഴിവേകാൻ ജോണിന് കഴിയുന്നുണ്ട്.
           കഴുതക്കുട്ടിയുടെ സിനിമയിലേക്കുള്ള പ്രവേശനം, പ്രൊഫസറുടെ വീട്ടിലെ വേലക്കാരിയുടെ ആവിഷ്ക്കരണം, ക്യാമ്പസിനകത്തു നിന്നുള്ള ദൃശ്യങ്ങൾ, കഴുതക്കുട്ടിയെ ബസിൽ കൊണ്ടുപോകുന്നത്, കഴുതകുട്ടിയുമൊത്ത് അഗ്രഹാരത്തിലേക്കുള്ള പ്രൊഫസറുടെ പ്രവേശനം, കഴുതക്കുട്ടിയെ അഗ്രഹാരത്തിൽ വെച്ച് ആദ്യം പരിചയപ്പെടുന്ന പ്രൊഫസറുടെ മരുമകന്റെ പ്രവൃത്തികൾ, അഗ്രഹാരത്തിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും തന്ത്രപൂർവ്വം കഴുതക്കുട്ടിയുടെ മേൽ ചാർത്തുന്ന ഗ്രാമവാസികൾ, ഊമപെൺകുട്ടിയും കഴുതക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം, ഊമപെൺകുട്ടിയെ വലയിലാക്കി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഗ്രാമീണൻ, ഊമപെൺകുട്ടി പ്രസവിക്കുന്ന ചാപിള്ള, കഴുതച്ചാണകം ചവിട്ടുന്ന ക്ഷേത്രപൂജാരി, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന ശിവലിംഗം, കഴുതക്കുട്ടിയെ കൊല്ലാനായി മലമുകളിലേക്ക് കൊണ്ടുപോകുന്നത്, ചത്തകഴുതയുടെ ഉയിർത്തെഴുന്നേല്പ്, ഗ്രാമീണരുടെ സാക്ഷ്യം പറച്ചിൽ, സാമകോടങ്കികളുടെ(കുടുകുടുപ്പുകാർ) ഭാവിപ്രവചനം, മണ്ണാന്തറയിൽ തുണിയലക്കുന്ന പെൺകുട്ടി, കഴുത കുട്ടിയെ കൊല ചെയ്ത ഗ്രാമീണർ കഴുതയുടെ തലയോട് ഏറ്റു വാങ്ങുന്നതും ആനന്ദനൃത്തം ചവിട്ടുന്നതും -എല്ലാം-  സിനിമയിലെ ഓരോ ഷോട്ടിനും ചരിത്രബോധനപരമോ രാഷ്ട്രീയബോധനപരമോ ആയ അർത്ഥങ്ങൾ കണ്ടെടുക്കാൻ ആസ്വാദകന് കഴിയുന്നു എന്നതുകൊണ്ട്, കഴുതയെ കഴുതയായി മാത്രം സിനിമയിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.
         ‘തീ താൻ വീരത്തൈവം’ എന്ന സുബ്രഹ്മണ്യഭാരതിയുടെ കവിതയിലൂടെയാണ് ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്. സൂര്യനെ ദൈവമായി പൂജിക്കുന്ന ദ്രാവിഡസംസ്കൃതിയെ അടയാളപ്പെടുത്തുന്ന കവിതയിലെ തീ അറിവിന്റെയും സാമൂഹികവിപ്ലവത്തിന്റെയും രൂപകമാണ്. പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനെ ഫോക്കസ് ചെയ്തുകൊണ്ട് സിനിമ ആരംഭിക്കുന്നു.
          അടുത്ത ഷോട്ടിൽ ഒരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അലഞ്ഞുനടക്കുന്ന തള്ളക്കഴുതയിലേക്കും കുട്ടിയിലേക്കും ക്യാമറ തിരിക്കുന്നു. പിന്നീട് ക്ലാസ് കഴിഞ്ഞ് തന്റെ വീട്ടിലെത്തിയ പ്രൊഫസർ നാരായണസ്വാമിക്ക് അയല്പക്കത്തെ രാജ എന്ന കുട്ടി കഴുതക്കുട്ടിയെ പരിചയപ്പെടുത്തുന്നത്- പ്രദേശത്തെ കുട്ടികൾ കളിച്ചുകൊണ്ടിരുന്നപ്പോ‌ൾ അതിലെ വന്ന തള്ളക്കഴുതയുടെ വാലിൽ തകരപ്പാട്ട കെട്ടി കുട്ടികൾ ഓടിച്ചെന്നും വേദന സഹിക്കാതെ തള്ള കൂട്ടത്തിൽ നന്ദു എന്ന കുട്ടിയെ ചവിട്ടി പരിക്കേല്പിച്ചെന്നും കോപാകുലരായ നാട്ടുകാർ തള്ളയെ തല്ലിക്കൊന്നതോടെ കഴുതക്കുട്ടി അനാഥമായി എന്നും- സംഭവകഥ വിശദീകരിക്കുന്നതിനിടക്ക് രാജയെ അവന്റെ അമ്മ വീടിനകത്തുനിന്നും വിളിക്കുകയും അവൻ വീടിലേക്ക് ഓടി പോകുകയും ചെയ്യുന്നു.പ്രൊഫസർ അല്പനേരം ചിന്താമഗ്നനാകുന്നു.
           ഇവിടെ തള്ളക്കഴുത എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല മരണം വരിക്കുന്നത്. സമൂഹമനഃശാസ്ത്രപ്രകാരം കഴുത അസത്തായതിനാൽ അതാരുടെയും നീതിബോധത്തെ അലട്ടുന്നില്ല. കുട്ടിക്കുപോലും അമ്മ മരിച്ച കുട്ടിയെ ആരു നോക്കും എന്ന വിഷമം മാത്രമാണു‌ള്ളത്. നാം തന്നെ ചുറ്റുപാടും പരിശോധിച്ചാൽ സ്ത്രീ നേരിട്ടിട്ടുള്ള/നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും നീതിനിഷേധങ്ങളും കണ്ടെത്താനാകും. പലപ്പോഴും സമൂഹത്തിന്റെ മൗനാനുവാദത്തോടെ തന്നെ!!
           കഴുതക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകുന്ന അയ്യരെ അതിലേക്ക് നയിക്കുന്നത്, താൻ പഠിച്ച വേദങ്ങളിൽനിന്നും ലഭിച്ച ജ്ഞാനമാണ്. എന്നാൽ, ‘കഴുതകുട്ടി പശുവിൻപാൽ കുടിക്കുമോ?’ എന്ന സംശയമുന്നയിക്കുന്ന തത്വശാസ്ത്ര പ്രൊഫസർ തുടർന്നുള്ള ദിവസങ്ങളിൽ കഴുതക്കുട്ടിക്ക് പശുവിൻ പാൽ കയ്ക്കും എന്ന് അനുഭവിച്ചറിയുന്നുമുണ്ട്.
          കഴുതയെ വീട്ടിൽ വളർത്തുന്ന അയ്യർ/പ്രൊഫസർ സമൂ‌ഹമധ്യത്തിൽ പലതരത്തിലും അപഹാസ്യനാകുന്നു. തുടർന്നാണ് കഴുതക്കുട്ടിയെ തഞ്ചാവൂരിലെ അഗ്രഹാരത്തിലേക്ക് കൊണ്ടുപോകാൻ പ്രൊഫസർ തീരുമാനിക്കുന്നത്. ഒരു ദിവസം ക്യാമ്പസിലെത്തിയ പ്രൊഫസർ അഭിമുഖീകരിക്കുന്നത് ചില ചുമരെഴുത്തുകളാണ്. കഴുതയെ വളർത്തുന്ന തത്വശാ‌സ്ത്രാധ്യാപകനെ ക‌ളിയാക്കുന്നവയാണവയെല്ലാം.
           ക്യാമ്പസ്സിനകത്തേക്ക് ആദ്യമായി ഫോക്കസ് ചെയ്യുന്ന ക്യാമറ ഒരു NCC പരേഡിലേക്കാണ് മിഴി തുറക്കുന്നത്. പിന്നീട് പ്രൊഫസർ ചുമരെഴുത്തുകൾ വീക്ഷിക്കുമ്പോഴും പശ്ചാത്തലത്തിൽ പരേഡ് സോങ് കേൾക്കാം. തല്ലിപ്പൊളി കുട്ടികൾ ഒരു കഴുതയെ വേഷം കെട്ടിച്ച് പ്രൊഫസറെ പിന്തുടരുമ്പോഴും പശ്ചാത്തലത്തിൽ പരേഡിന്റെ ബാൻഡ് സോങ് ചേർത്തിട്ടുണ്ട്. കോലാഹലങ്ങൾ കണ്ടുകൊണ്ടുവരുന്ന പ്രിൻസിപ്പലച്ചൻ പ്യൂണിന് രംഗം ശന്തമാക്കാനുള്ള ആജ്ഞ നൽകുന്നു. പ്രിൻസിപ്പലിനെ കണ്ടതോടെ ചിതറിയോടിയ കുട്ടികൾക്കിടയിൽ നിന്നും കഴുതക്കുട്ടിയെ പ്യൂൺ ഉന്തിതള്ളി പുറത്തേക്ക് കൊണ്ടുവരുന്നു.         ക്യാമ്പസ്സിന് മുന്നിലെ പൂന്തോട്ടത്തിൽ ‘KEEP LEFT’ എന്നെഴുതിയ ബോർഡ് ഈ രംഗത്തില കാണാം.
          കഴുതയെ പുറത്താക്കി പ്രിൻസിപ്പലിനടുത്തെത്തുന്ന പ്യൂണിന് പോസ്റ്ററുകൾ ഇളക്കി മാറ്റാനുള്ള നിർദ്ദേശം ലഭിക്കുന്നു. നീഷേയുടെ ഒരു വചനത്തിലേക്കും Man is a Political Animal എന്ന മറ്റൊരു പോസ്റ്ററിലേക്കും മുഖം തിരിക്കുന്ന ക്യാമറ ഒരു നിമിഷം കഴുത്തിൽProfessor of Philosophy എന്ന ബാഡ്ജ് തൂക്കി റോഡിൽ അലഞ്ഞുനടക്കുന്ന കഴുതയിലേക്ക് തിരിയുന്നു.
           അടിയന്തരാവസ്ഥയുടെ കറുത്തകാലത്താണ് ചിത്രം നിർമ്മിക്കപ്പെട്ടത് എന്നതുകൊണ്ട്- അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന ക്യാമ്പസിൽ നിന്നും /രാഷ്ട്രത്തിൽ നിന്നും ബുദ്ധിശൂന്യരെ പുറത്തേക്ക് ഉന്തി തള്ളി വിടേണ്ടിവരും എന്ന ദർശനത്തിലേക്ക് വിരൽ ചൂണ്ടുന്നില്ലെ?
          കഴുതക്കുട്ടിയുമായി അഗ്രഹാരത്തിലേക്ക് പുറപ്പെടുന്ന പ്രൊഫസറെ ഗ്രാമകവാടത്തിൽ സ്വീകരിക്കുന്നത് ഒരു ശവഘോഷയാത്രയാണ്. ദ്രാവിഡസംസ്ക്കാരത്തിന്റെ ഭാഗമായ ശവഘോഷയാത്രയോടൊപ്പമുള്ള ആനന്ദനൃത്തം ചിത്രീകരിച്ചിരിക്കുന്നത് ഭയാനകമായതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് പ്രേക്ഷകനിൽ ഉത്ക്കണ്ഠ ജനിപ്പിക്കും വിധമാണ്. സാധാരണയിലും നീളം തോന്നിപ്പിക്കുന്ന നാഗസ്വരം, അതിൽ നിന്നുയരുന്ന അസുരശബ്ദം,‌കറുത്തവരുടെ ചടുല നൃത്തം എല്ലാം ഒരു ദുഃസ്വപ്നം പോലെ.. ഇതേ ആളുകൾ തന്നെയാണ് ചിത്രത്തിന്റെ അവസാനം വിജ്ഞാനലബ്ധിയുടെ ആനന്ദത്തിൽ നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. (ചിത്രത്തിന്റെ അവസാനത്തിൽ ഗ്രാമീണരിലൊരാളായി ജോൺ ഏബ്രഹാ‌മും സ്ക്രീനിലെത്തുന്നുണ്ട്) കലയുടെ വൈരുദ്ധ്യാത്മകസാധ്യതകളെ പരിശോധിക്കുകയാണോ എന്ന് സംശയം ജനിപ്പിക്കും വിധം.
          ഗ്രാമകവാടത്തിൽ ശവമഞ്ചയാത്ര കാണുന്ന പ്രൊഫസറിൽ നിന്നും ക്യാമറ ഒരു നിമിഷം കാളവണ്ടിയിലെ ഒറ്റക്കാളയിലേക്കും അടുത്ത ഷോട്ടിൽ കഴുതക്കുട്ടിയെ അടച്ചിരിക്കുന്ന കൂടയിലേക്കും പാൻ ചെയ്ത് കഴുതയെ അവസാനം തല്ലിക്കൊന്നിടുന്ന മലയിലേക്കും കൊണ്ടുപോയി കട്ട് ചെയ്യുന്നു.
         ഗ്രാമത്തിലേക്ക്  പ്രവേശിച്ച് കഴിഞ്ഞ കഴുതക്കുട്ടിയിൽ പരകായപ്രവേശം ചെയ്യുന്ന പല കഥാപാത്രങ്ങളുണ്ടെങ്കിലും അവരിൽ പ്രധാനം ഊമയായ ഉമ തന്നെയാണ്. പ്രൊഫസറുടെ വീട്ടിലെ വേലക്കാരിയാണ് ഉമ. രണ്ടുപേരും മിണ്ടാപ്രാണികളാണ് എന്ന‌താണ് പ്രത്യക്ഷസാമ്യമെങ്കിലും, പ്രൊഫസറുടെ കാമുകിയാണ് ഉമ എന്ന ചിന്തയെ സ്ഥാപിക്കുന്നത് കഴുതക്കുട്ടിയിലൂടെയാണ്.
         നാരായണസ്വാമിയേയും ഉമയേയും സംബന്ധിച്ച്, അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും ഇവരുടെ ബന്ധത്തെ അംഗിക്കരിക്കാൻ കഴിയാതെ, കുനുഷ്ഠും കു‌ശുമ്പും പറയുന്ന അഗ്രഹാരവാസികളുടെ വിലയിരുത്തലുകളെയും ചിത്രീകരിക്കുന്നത് ‘കഴുത’ എന്ന മാധ്യമത്തിലൂടെയാണ്. ചിത്രത്തിലൊരിടത്തും രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള പ്രണയചേഷ്ടകളിൽ ഏർപ്പെടുന്നത് ചിത്രീകരിക്കുന്നുമില്ല. ഉമ ഒരു ദുർന്നടപ്പുകാരിയാണെന്ന് സമൂഹം വ്യാഖ്യാനിക്കുന്ന തരത്തിലുള്ള സംഗതികൾ സൂചിപ്പിക്കുന്നതും കഴുതയിൽ ആരോപിക്കപ്പെടുന്ന പഴികളിലൂടെയാണ്. കഴുതയുടെ ചെയ്തികളിലൂടെ കേൾക്കുന്ന പഴികൾ മുഴുവനും പ്രൊഫസറിലേക്കും ഉമയിലേക്കും ഉന്നം വെക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ര‌ണ്ടാം ഭാഗത്തെ ഷോട്ടുകൾ.
       കഴുതക്കുട്ടിയെ അഗ്രഹാരത്തിൽ ആദ്യം പരിചയപ്പെടുന്നത് പ്രൊഫസറുടെ മരുമകനാണ്. വിടുവായത്തമുള്ള അഗ്രഹാരവാസിയായാണ് മരുമകൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉമ സ്നേഹത്തോടെ പരിപാലിക്കുന്ന കഴുതക്കുട്ടിയെ ഉപയോഗിച്ച് ഗ്രാമത്തിനകത്ത് ഓരോരോ കുരുത്തക്കേടുകൾ ഒപ്പിക്കുന്നതിന്റെ സൂത്രധാരനും കഴുതയെ പരമാവധി ചൂഷണം ചെയ്തതിനുശേഷം കഴുതയെ വിൽക്കാൻ കൂട്ടു നിൽക്കുന്നതും കൊല്ലാൻ ഒറ്റു കൊടുക്കുന്നതും പിന്നീട് ചത്ത കഴുതയുടെ മഹത്വം നാട്ടിൽ മുഴുവൻ പറഞ്ഞു നടക്കുന്നതും കഴുതക്കുവേണ്ടി അമ്പലം പണിയാൻ പോകുന്ന കാര്യം പ്രൊഫസറെ അറിയിക്കുന്നതും ഇയാളാണ്.
പുരുഷ മേധാവികളുടെ വിചാരണക്കൊടുവിൽ മലമുകളിലേക്ക് കൊണ്ടുപോകുന്ന കഴുത യേശുവിന്റെ കഥ അനുസ്മരിപ്പിക്കുന്നു. ഉയർത്തെഴുന്നേറ്റ കഴുതയുടെ സാക്ഷ്യം അറിയാനായി ഒത്തുകൂടുന്ന ഗ്രാമീണരിൽ നിന്ന് ആകാശം പിളർന്നുവരുന്ന വെളിച്ചത്തിലേക്ക് ക്യാമറ പാൻ ചെയ്യുന്നത് ബൈബി‌ളിലെ വചനങ്ങളെ ഓർമ്മിപ്പിക്കും വിധമാണ്.
       പുരുഷാധിപത്യസമൂഹത്തിലെ സ്ത്രീയുടെ ഉൽപ്പാദനം ചാപിള്ളയായി തീരുന്നു എന്ന് ഉമയുടെ പ്രസവത്തിലൂടെ വെളിപ്പെടുന്നു. ഉമയുടെ ജീവിതം അട്ടിമറിക്കപ്പെടുന്നതും അവൾ ഭ്രാന്തിയെപ്പോലെ അലഞ്ഞുതിരിയുന്നതും പ്രസവത്തെ തുടർന്നാണ്. പിന്നീട് ഉമയെ തിരഞ്ഞ് കണ്ടെത്തുന്ന പ്രൊഫസർ ചില ഉറച്ച തീരുമാനങ്ങളെടുക്കുന്നു.
    രാത്രി പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന പ്രൊഫസർ-,(തൊട്ടടുത്ത് ചെഗുവേരയുടെ പടമുള്ള ഒരു പുസ്തകവും കാണാം) കാളി മാതാവിനെയും അർദ്ധനാരീശ്വര സങ്കൽപ്പത്തേയും പ്രകീർത്തിക്കുന്ന സുബ്രഹ്മണ്യഭാരതിയുടെ ‘Dance of Doom’ എന്ന കവിതയാണ് പ്രൊഫസർ വായിക്കുന്നത്. കവിതയിലെ ഓരോ വരിയും ഉമയുടെ/ സ്ത്രീത്വത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. വിപ്ലവാവേശം നിറഞ്ഞ ഉമയുടെ മുഖമാണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്.
      ചെഗുവേരയുടെ പുസ്തകം വായിച്ച് ഉത്തേജിതനായ ആൾ തന്നെയാണ് സുബ്രമഹ്ണ്യഭാരതിയുടെ കവിതയിൽ നിന്നും വിപ്ലവദർശനം ആർജിക്കുന്നത് എന്നത്, ഇന്ത്യ‌ൻ ദർശനത്തിനകത്ത് നിന്നുകൊണ്ടുതന്നെ സാമൂഹികവിപ്ലവം ആസൂത്രണം ചെയ്യാൻ കഴിയണമെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണോ എന്നും ചിന്തിക്കണം.
             കാഴ്ചയിൽ നിന്നുള്ള അനുഭവത്തെ വാക്കുകളിലൂടെ ആവിഷ്കരിക്കുക ശ്രമകരമാണ്. പക്ഷെ, ക്ലാസിക് സിനിമകളെ അവയുടെ ദൃശ്യവാങ്‌മയങ്ങളിലൂടെ തന്നെ അനുഭവിച്ചറിയാനുള്ള കരുത്താർജ്ജിക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. കർഷകനും കർഷകതൊഴിലാളിയും അധ്യാപകനും വിദ്യാർത്ഥിയും എല്ലാം ഒരു പോലെ തന്റെ സിനിമയെ സ്വീകരിക്കുന്നത് ജോണിന്റെ സ്വപ്നമായിരുന്നു. അശ്ലീലച്ചുവയുള്ള ദ്വയാർത്ഥവാക്‌കസർത്തിലൂടെ പ്രേക്ഷകമനസ്സുകളെ ബോധപൂർവ്വം മലിനമാക്കാൻ ശ്രമിക്കുന്ന സംവിധായകർ, ജോൺ കഴുതയിലൂടെ നടത്തിയ പരീക്ഷണങ്ങൾ മനസ്സിലാക്കാനെങ്കിലും ശ്രമിക്കേണ്ടതല്ലെ?കച്ചവടസിനിമകൾ അങ്ങേയറ്റം മലീമസമാക്കിയ സിനിമാസാംസ്ക്കാരികാവസ്ഥയെ കൈപിടിച്ചുയർത്താൻ നാം ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണ്. കൂട്ടമായിരുന്ന് നല്ല സിനിമകൾ കാണുകയും അവരവരുടെ കാഴ്ചാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി

(ഒറ്റപ്പാലം ജനകീയവായനശാലയുടെ പ്രസിദ്ധീകരണമായ എഴുത്തോലയുടെ 22-ആം ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ആധുനിക ഇന്ത്യൻ പൗരനെ ‘മോദിഗാർഡ്’ കണ്ണാടിയിലേയ്ക്ക് പകർത്തുമ്പോൾ

എല്ലാ പ്രഭാതങ്ങളിലും
ലോകത്തെ അഭിമുഖീകരിയ്ക്കുന്നതിന് മു‌മ്പ്
ഞാൻ എന്നെത്ത‌ന്നെ അഭിമുഖീകരിയ്ക്കുന്നു.
‘മോദിഗാർഡ് ഓണസ്റ്റ് മിററിൽ’

അതിലെ സുമുഖനായ പ്രതിരൂപം
എന്നിൽ ആത്മവിശ്വാസം നിറയ്ക്കുന്നു.
എന്റെ ദൈനംദിന വെല്ലുവിളികളെ
ധൈര്യമായി നേരിടാനു‌ള്ള‌ പ്രേരണയും നൽകുന്നു…

ഇത്രയും പറഞ്ഞതിനെ ഒരു പരസ്യവാചകമായി
എഴുതിത്തള്ളാൻ മുതിരുന്നതിന് മുമ്പ്
സുഹൃത്തേ;- നിങ്ങളെന്നെ ശ്രദ്ധിയ്ക്കൂ…
മോദിഗാർഡ് കണ്ണാടി വന്നതിനുശേഷം
ഞാനെത്ര മാറിയിരിയ്ക്കുന്നു.
ഇപ്പോൾ എനി‌യ്ക്കെത്തിപ്പിടിയ്ക്കാൻ കഴിയാത്തതായി
ഒന്നുമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു….

ആത്മവിശ്വാസമുള്ളവനും ചലനാത്മകനുമായ
ഒരിന്ത്യൻ പൗരന്റെ മുഖം
എന്നിൽനിന്നും വായിച്ചെടുക്കാൻ
നിങ്ങൾക്കിപ്പോഴും കഴിയുന്നില്ലെന്നോ?

കഷ്ടം! വികസിതമായ മറ്റൊരിന്ത്യയെ
സ്വപ്നം കാണുന്ന ആയിരങ്ങളാണ്
പ്രതിദിനം മോദിഗാർഡ് കണ്ണാടിയിലേയ്ക്ക്
മാറി ചിന്തിയ്ക്കുന്ന‌ത്….
നിങ്ങ‌ളുടെ പ്രതിരൂപത്തിന്റെ പൂർണ്ണ സംരക്ഷണം
ഉറപ്പാക്കുന്നതിനായി, നിങ്ങളും എത്രയുംവേഗം
മോദിഗാർഡിലേയ്ക്ക് മാറൂ…

‘ലോകത്തിന് മുന്നിൽ തിളക്കമുള്ള ഒരിന്ത്യ’
അതാ‌യിരിയ്ക്കണം ഓരോ പൗരന്റെയും
ജീവിതസ്വപ്നമെന്ന്‌,
രാഷ്ട്രീയലക്ഷ്യമെന്ന്‌,
ഞാനും ചി‌ന്തിച്ച് തുടങ്ങിയിരിയ്ക്കുന്നു.- നിങ്ങളും(?)

വിശ്വസിയ്ക്കൂ.., പൂർണ്ണമായും ഇറ്റാലിയൻ മാർബ്ബിൾക്കൂട്ടും
ജർമ്മൻ സാങ്കേതികവിദ്യയുമപയോഗിച്ചാണ്
മോദിഗാർഡ് കണ്ണാടി നിർമ്മിയ്ക്കുന്നത്.
ഗുജറാത്തിലേയും ഉത്തർപ്രദേശിലേയും
രാജസ്ഥാനിലേയും ഗ്രാമങ്ങളിൽ
കുടി‌‌ൽവ്യവസായമായി നിർമ്മിയ്ക്കുക വഴി
മോദിഗാർഡ് എത്രയോ ഇന്ത്യക്കാർക്ക് തൊഴിലും നൽകുന്നു.

‘തൊഴിൽരഹിതരില്ലാത്ത ഒരിന്ത്യ’-
ഒരിന്ത്യൻ പൗരനെന്ന നിലയിൽ
അത് നിങ്ങളുടെയും സ്വപ്നമല്ലെ?

നോക്കൂ, മുഖം മിനുക്കാൻ മാത്രമല്ല
ഇന്ത്യയിലെ വൻനഗരങ്ങളുടെ മുഖഛായ തന്നെ
ഇപ്പോൾ മോദിഗാർഡ് കണ്ണാടിയാണ്…
സുവ്യക്ത‌മായതും വക്രതാരഹിതമായതുമായ
ഒരു പ്രതിരൂപം നിർമ്മിയ്ക്കാൻ കഴിയുന്നുവെ-
ന്നതുതന്നെയാണ് മോദിഗാർഡിന്റെ വിജയം.

ചിലർ വ‌രുമ്പോൾ ചരിത്രം വഴിമാറുന്നുവെന്ന്
മോദിഗാർഡ് കണ്ണാടിയെ വിശേഷിപ്പിച്ചപ്പോൾ
ചരിത്രത്തെ വളച്ചൊടിയ്ക്കുന്നു എന്ന് വ്യാഖ്യാനിച്ചവന്മാർ
മണ്ടന്മാർ തന്നെയല്ലെ?

കണ്ണാടിപ്രതിഷ്ഠയുടെ ആ കാലം കഴിഞ്ഞെന്നും
ക‌ണ്ണാടിയിൽ പ്രതിഷ്ഠിയ്ക്കുന്നവരുടേതാണ്
പുതിയകാലമെന്നും, തിരി‌ച്ചറിയാൻ
കഴിയാതെ പോകുന്നവർ...........