Tuesday, December 16, 2014

ആധുനിക ഇന്ത്യൻ പൗരനെ ‘മോദിഗാർഡ്’ കണ്ണാടിയിലേയ്ക്ക് പകർത്തുമ്പോൾ

എല്ലാ പ്രഭാതങ്ങളിലും
ലോകത്തെ അഭിമുഖീകരിയ്ക്കുന്നതിന് മു‌മ്പ്
ഞാൻ എന്നെത്ത‌ന്നെ അഭിമുഖീകരിയ്ക്കുന്നു.
‘മോദിഗാർഡ് ഓണസ്റ്റ് മിററിൽ’

അതിലെ സുമുഖനായ പ്രതിരൂപം
എന്നിൽ ആത്മവിശ്വാസം നിറയ്ക്കുന്നു.
എന്റെ ദൈനംദിന വെല്ലുവിളികളെ
ധൈര്യമായി നേരിടാനു‌ള്ള‌ പ്രേരണയും നൽകുന്നു…

ഇത്രയും പറഞ്ഞതിനെ ഒരു പരസ്യവാചകമായി
എഴുതിത്തള്ളാൻ മുതിരുന്നതിന് മുമ്പ്
സുഹൃത്തേ;- നിങ്ങളെന്നെ ശ്രദ്ധിയ്ക്കൂ…
മോദിഗാർഡ് കണ്ണാടി വന്നതിനുശേഷം
ഞാനെത്ര മാറിയിരിയ്ക്കുന്നു.
ഇപ്പോൾ എനി‌യ്ക്കെത്തിപ്പിടിയ്ക്കാൻ കഴിയാത്തതായി
ഒന്നുമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു….

ആത്മവിശ്വാസമുള്ളവനും ചലനാത്മകനുമായ
ഒരിന്ത്യൻ പൗരന്റെ മുഖം
എന്നിൽനിന്നും വായിച്ചെടുക്കാൻ
നിങ്ങൾക്കിപ്പോഴും കഴിയുന്നില്ലെന്നോ?

കഷ്ടം! വികസിതമായ മറ്റൊരിന്ത്യയെ
സ്വപ്നം കാണുന്ന ആയിരങ്ങളാണ്
പ്രതിദിനം മോദിഗാർഡ് കണ്ണാടിയിലേയ്ക്ക്
മാറി ചിന്തിയ്ക്കുന്ന‌ത്….
നിങ്ങ‌ളുടെ പ്രതിരൂപത്തിന്റെ പൂർണ്ണ സംരക്ഷണം
ഉറപ്പാക്കുന്നതിനായി, നിങ്ങളും എത്രയുംവേഗം
മോദിഗാർഡിലേയ്ക്ക് മാറൂ…

‘ലോകത്തിന് മുന്നിൽ തിളക്കമുള്ള ഒരിന്ത്യ’
അതാ‌യിരിയ്ക്കണം ഓരോ പൗരന്റെയും
ജീവിതസ്വപ്നമെന്ന്‌,
രാഷ്ട്രീയലക്ഷ്യമെന്ന്‌,
ഞാനും ചി‌ന്തിച്ച് തുടങ്ങിയിരിയ്ക്കുന്നു.- നിങ്ങളും(?)

വിശ്വസിയ്ക്കൂ.., പൂർണ്ണമായും ഇറ്റാലിയൻ മാർബ്ബിൾക്കൂട്ടും
ജർമ്മൻ സാങ്കേതികവിദ്യയുമപയോഗിച്ചാണ്
മോദിഗാർഡ് കണ്ണാടി നിർമ്മിയ്ക്കുന്നത്.
ഗുജറാത്തിലേയും ഉത്തർപ്രദേശിലേയും
രാജസ്ഥാനിലേയും ഗ്രാമങ്ങളിൽ
കുടി‌‌ൽവ്യവസായമായി നിർമ്മിയ്ക്കുക വഴി
മോദിഗാർഡ് എത്രയോ ഇന്ത്യക്കാർക്ക് തൊഴിലും നൽകുന്നു.

‘തൊഴിൽരഹിതരില്ലാത്ത ഒരിന്ത്യ’-
ഒരിന്ത്യൻ പൗരനെന്ന നിലയിൽ
അത് നിങ്ങളുടെയും സ്വപ്നമല്ലെ?

നോക്കൂ, മുഖം മിനുക്കാൻ മാത്രമല്ല
ഇന്ത്യയിലെ വൻനഗരങ്ങളുടെ മുഖഛായ തന്നെ
ഇപ്പോൾ മോദിഗാർഡ് കണ്ണാടിയാണ്…
സുവ്യക്ത‌മായതും വക്രതാരഹിതമായതുമായ
ഒരു പ്രതിരൂപം നിർമ്മിയ്ക്കാൻ കഴിയുന്നുവെ-
ന്നതുതന്നെയാണ് മോദിഗാർഡിന്റെ വിജയം.

ചിലർ വ‌രുമ്പോൾ ചരിത്രം വഴിമാറുന്നുവെന്ന്
മോദിഗാർഡ് കണ്ണാടിയെ വിശേഷിപ്പിച്ചപ്പോൾ
ചരിത്രത്തെ വളച്ചൊടിയ്ക്കുന്നു എന്ന് വ്യാഖ്യാനിച്ചവന്മാർ
മണ്ടന്മാർ തന്നെയല്ലെ?

കണ്ണാടിപ്രതിഷ്ഠയുടെ ആ കാലം കഴിഞ്ഞെന്നും
ക‌ണ്ണാടിയിൽ പ്രതിഷ്ഠിയ്ക്കുന്നവരുടേതാണ്
പുതിയകാലമെന്നും, തിരി‌ച്ചറിയാൻ
കഴിയാതെ പോകുന്നവർ...........

No comments:

Post a Comment